2012, മേയ് 22

ലാലേട്ടാ നിങ്ങള്‍ അവസരവാദിയാണോ???

തലകെട്ട് കണ്ട് വാള്‍ എടുക്കാന്‍ വരട്ടെ. ഞാന്‍ എന്താ പറയാന്‍ ഉദേശിച്ചത് എന്ന് ഒന്ന് വായിച്ചു നോക്കിയിട്ട് എന്തും പറഞ്ഞോ. ടി.പി ചന്ദ്രശേഖരന്‍ എന്നാ കമ്മ്യൂണിസ്റ്റ്‌ നേതാവിനെ അതിദാരുണമായി കൊല ചെയ്തതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാടത്തും ഇങ്ങനെ നിറഞ്ഞു നില്‍ക്കുവനെല്ലോ ഈ അവസരത്തില്‍. ഇത് ആദ്യത്തെ രാഷ്ട്രിയ കൊലപാതകം ഒന്നുമല്ല, ഇതിനും മുന്നേ രാഷ്ട്രിയപരമായ ആശയങ്ങളുടെ പേരില്‍ പലരുടെയും ചോര നമ്മടെ കേരളകരയില്‍ വീണിട്ടുണ്ട്. എന്നാലും ടി.പി വധം കേരളിയ ജനതയെ ഒന്ന് ഞെട്ടിച്ചു എന്നത് സത്യം. ശരിക്കും പറഞ്ഞാല്‍ പലരും ഒന്ന് പേടിച്ചു. അത് ഇതില്‍ പ്രതികൂട്ടില്‍ നില്‍ക്കുന്ന സി.പി എംമുമായി ശത്രുത പുലര്‍ത്തി വന്ന ആള്‍ക്കാര്‍ മാത്രമല്ല, ഒരു രാഷ്ട്രിയവും ഇല്ലാത്ത മനുഷ്യന്റെ ഉള്‍മനസ്സില്‍ ഭയത്തിന്‍റെ വിത്ത് മുളപ്പിക്കാന്‍ കഴിഞ്ഞു എന്നത് ആരും തന്നെ പറയാതെ സമ്മതിച്ച ഒരു സത്യമാണ്. ഒരു പരിധി വരെ ഈ വിഷയത്തില്‍ ഇതുവരെ അഭിപ്രായപ്രകടനം നടത്തുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചത് മുകളില്‍ പറഞ്ഞ കാരണമാണ്. പക്ഷേ പ്രതികരിക്കുന്ന മന്നസ്സിനെ തളച്ചിടാന്‍ കഴിയില്ല. എന്തായാലും ഇതു രാഷ്ട്രിയ കൊലപാതകം എന്നതിന് ഉപരി ഇത് നടത്തിയത് സി.പി.എം ആണ് എന്ന് ഒരു മുന്‍വിധിയും എനിക്കില്ല. സത്യം എത്ര ഒളിപ്പിച്ചാലും ഒരിക്കല്‍ പുറത്തു വരും. അന്ന് ആകാം വിചാരണ ഒക്കെ. പക്ഷേ മനസ്സില്‍ തോന്നിയ ചിലത് പറയാതെ ഇരിക്കാനും വയ്യ.

ഈ കൊലപാതകം തീര്‍ത്തും ഭീങ്കരവും നീചവും പൈശാചികവും ആയി പോയി. എന്നാല്‍ അതിലും ഏറെ പൈശാചികം ആയി പോയി ഇത് വെച്ച്  ഉള്ള മുതലെടുപ്പ്. ഒരു തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു എന്ന് വെച്ച് ഇങ്ങനെ മുതലെടുക്കാന്‍ ശ്രമിച്ചത് അങ്ങ് സമ്മതിച്ചു കൊടുക്കാന്‍ അല്‍പ്പം മടിയുണ്ട്. സെല്‍വരാജിന്റെ മറുകണ്ടം ചാട്ടം സ്ഥാനമാനങ്ങള്‍ മോഹിച്ചു ഉള്ളതയിരിന്നു എന്നുള്ള ഇടതുപക്ഷ പ്രചാരം പ്രതിരോധിക്കാന്‍ കഷ്ട്ടപെട്ടു കൊണ്ടിരുന്ന കോണ്‍ഗ്രസിനു തിരിച്ചു വരാന്‍ ഉള്ള പിടിവള്ളി ആയി ടി.പി വധം. മറ്റു ചിലര്‍ക്ക് ഇത് ഒരു അവസാന അവസരമാണ്.പാര്‍ട്ടിയില്‍ തന്‍റെ മേല്‍ സര്‍വാധിപത്യം നേടിയ ശത്രുക്കളുടെ പതനതിനായി പൊരുതാന്‍ ഉള്ള മൂര്‍ച്ചയുള്ള ഒരു ആയുധമാക്കി ഈ പൈശാചിക പ്രവര്‍ത്തിയെ. അത് കൊല്ലപെട്ട ടി.പിയോട് ഉള്ള സ്നേഹമോ സഹതാപമോ അല്ല എന്ന്  മനസ്സിലാക്കാന്‍ ഭൂതകാലം കൂടുതല്‍ ഒന്നും ചികയേണ്ട. വാര്‍ത്തകള്‍ ഇല്ലാതെ വാര്‍ത്തകള്‍ ഉണ്ടാക്കി കഷ്ട്ടപെടുന്ന മാധ്യമങ്ങള്‍ക്ക് ഇത് ചാകര ആയിരിന്നു. മിനിറ്റ് മിനിറ്റ് വെച്ച് അവരുടെ അന്വേഷണങ്ങള്‍ പോലീസ് പട്ടിയെക്കള്‍ മുന്നില്‍ ഓടി. രാഷ്ട്രിയ അജണ്ടയില്‍ ഉള്ള മുതലെടുപ്പ് ഇങ്ങനെ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ആണ് തീര്‍ത്തും അപ്രതിക്ഷിതമായി ഈ വിഷയത്തില്‍ ഉള്ള മോഹന്‍ലാലിന്‍റെ പ്രതികരണം.

സാംസ്‌കാരിക നായകന്മാരുടെ ഈ വിഷയത്തില്‍ ഉള്ള അനിശ്ചിതകാല മൌനവ്രതത്തിന്‍റെ ഇടയില്‍ ഒരു പക്ഷതോടെ ചായവും തോന്നാതെ, തീര്‍ത്തും രാഷ്ട്രിയ ചുവയില്ലാതെ തന്നെ ഉള്ള ആ പ്രതികരണം ഒരു പച്ചയായ മലയാളിയുടെ മനസ്സില്‍ നിന്ന് വരുന്നതായി തോന്നി. അത് ഒരു അവസരവാദപരമായ ഒരു അഭിപ്രായ പ്രകടനമായി തോന്നിയില്ല. നാളെ മറ്റു ചിലക്കു തോന്നിയേക്കാം. മൂന്ന് പേജ് വരുന്ന സ്വന്തം കൈപടയില്‍ എഴുതിയ ലേഖനം സ്വന്തം ബ്ലോഗ്‌ ആയ "ദി കമ്പ്ലീറ്റ്‌ ആക്ടര്‍ " കാണുകയുണ്ടായി.( ഞാന്‍ ആദ്യമായി ആണ് ഈ ബ്ലോഗിനെ കുറിച്ച് കേള്‍ക്കുന്നേ, എന്റെ വിവരമിലായ്മ). അതില്‍ സ്വന്തം മകനെ വെട്ടിനുറുക്കി കൊന്നതിന്റെ വേദന അനുഭവിക്കുന്ന ടി.പിയുടെ അമ്മയെ കുറിച്ചും ആ വേദന താന്‍ മനസിലാക്കുന്നു എന്ന്  വളരെ വ്യക്തമായി പറയുന്നു. "കൊല്ലുകയും കൊല്ലിക്കുകയും ചെയുന്നവര്‍ പൊറുക്കുന്ന നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു, പേടി തോന്നുന്നു, മടുപ്പ് തോന്നുന്നു.... കേരളം ഒരു ഭ്രാന്താലയമായി മാറുകയാണോ??" എന്ന്  ചോദ്യത്തോടെ അവസാനിക്കുന്ന ഈ ലേഖനം വായിക്കുന്ന ഓരോരുത്തരുടെയും മനസ്സില്‍ ഈ ചോദ്യം അലയടിക്കും എന്നത് സത്യം. ഉത്തരഇന്ത്യയിലെ പോലെ രാഷ്ട്രിയലക്ഷ്യത്തിനായി എന്ത് ചെയ്യും എന്നാ ഭ്രാന്ത് പിടിച്ച അവസ്ഥയിലേക്ക് കേരളത്തിലെ രാഷ്ട്രിയ നേതാക്കള്‍ നീങ്ങുകയാണെങ്കില്‍ അവരെ ചങ്ങലയ്ക്ക് ഇടാന്‍ ജനം മുന്നോട്ടു വരേണ്ടി വരും.


ഇനി എന്‍റെ മനസ്സില്‍ തോന്നിയ ചില്ലറ സംശയങ്ങള്‍ വെറുതെ ഒന്ന് ചോദിച്ചോട്ടെ. ടി.പി വധം കൊണ്ട് യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് ലാഭം?? അഥവാ ഇതില്‍ സി.പി.എമിന് പങ്കു ഉണ്ടെങ്കില്‍ ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞു അടുത്ത അടുത്തിരിക്കെ ടി.പിയെ വധിക്കാന്‍ നിരന്തരം ശ്രമങ്ങള്‍ നടത്തി വിജയിക്കാന്‍ മാത്രം ഒരു ഭീഷണി ആയി തുടങ്ങിയിരിന്നോ ജനഹൃദയങ്ങളില്‍ ആഴുന്നു ഇറങ്ങിയ ഒരു പ്രസ്ഥാനത്തിന്?? മത തീവ്രവാദികളുടെ  കൈയാണ് ഇതിനു പിന്നില്‍ എന്ന് കരുതി നാട്ടില്‍ ഒരു ലഹള ഉണ്ടാക്കി കുറെ അധികം ജീവന്‍ കൂടി ബലി കഴിപ്പിക്കം എന്ന് ചിന്തിക്കാന്‍ മാത്രം നീചമായ തലച്ചോറിന്റെ ഉടമ ആരാണ്?? താനും തന്‍റെ പാര്‍ട്ടിയും പ്രതിസ്ഥാനത് ആണെന്ന് വളരെ വ്യക്തമായിട്ടു അറിഞ്ഞിട്ടും മരിച്ച ഒരു വ്യക്തിയെ കുലംകുത്തികള്‍ എന്ന് വിളിക്കാന്‍ മാത്രം എന്ത് വികാരമാണ് പിണറായിക്ക് ഉണ്ടായതു?? ജനങ്ങളുടെ വിയര്‍പ്പും ചോരയും കൊണ്ട് കെട്ടി പൊക്കിയ ഈ പ്രസ്ഥാനം എന്നന്നേക്കുമായി നശിപ്പിക്കാന്‍ ശ്രമിക്കാന്‍, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെ ഉള്ള പ്രവര്‍ത്തി ചെയ്യാന്‍ വിഡ്ഢികള്‍ ആണോ സംസ്ഥാന നേതൃത്വം അതോ അവര്‍ വിഡ്ഢികളായി അഭിനയിക്കുന്നതോ?? മറ്റൊരു രാഷ്ട്രിയ കൊലപാതകത്തെ പോലെ പൊടി പിടിച്ചു പോകാതെ മുന്നോട്ടു പോകുന്ന അന്വേഷണം എന്തെ മുന്‍പ്‌ ഒരിക്കലും കാണാഞ്ഞത്?? ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ ചോദിച്ചു എന്ന് പറഞ്ഞു എന്നെ പഞ്ഞിക്ക് ഇടാന്‍ ആരും കൊട്ടേഷന്‍ ടീമിനെ ഏര്‍പ്പെടുത്തി കളയരുതേ എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ഇവിടെ നിറുത്തുന്നു.

5 അഭിപ്രായങ്ങൾ:

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

ഇപ്പോള്‍ സ്കളവനും വായ്‌ തുറന്നു.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11637016&programId=1073753987&tabId=0&contentType=EDITORIAL&BV_ID=@@@

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ആദായ നികുതിക്കാര്‍ പിടിച്ച ആനക്കൊമ്പ് കേസ് ഒതുക്കി തീര്‍ത്തതിന്റെ പ്രത്യുപകാര സ്മരണ പ്രകാശിപ്പിച്ചതിന് താരത്തെ കുറ്റം പറയാന്‍ പാടുണ്ടോ?

ഒരു മാസം മുന്‍പ് ഇടുക്കിയില്‍ കോണ്‍ഗ്രസ് കാപാലികരുടെ കൊലക്കത്തിമുനയില്‍ പൊലിഞ്ഞുപോയ അനീഷ് എന്നൊരു വെള്ളി നക്ഷത്രം, അനീഷിനും അമ്മയുണ്ട് ആ അമ്മയേ ലാല്‍ ഓര്‍ക്കാഞ്ഞതെന്തേ???

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കൊല ആര് നടത്തിയാലും അവരെ പിടിക്കണം, ഈ കൊല എന്തിനാണ് എന്ന് നമുക്ക് വള വ്യക്തമായി അറിയുന്നതല്ലെ, ആരാണ് ടിപിയുടെ ശത്രു?

ajith പറഞ്ഞു...

നശിച്ച രാഷ്ട്രീയം...

ദുശ്ശാസ്സനന്‍ പറഞ്ഞു...

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ചെയ്ത ഒരു കൊലപാതകം ആണിത്. ബാക്കിയുള്ളവര്‍ എല്ലാം നന്‍മ നിറഞ്ഞവര്‍ ആണെന്നോ ലാല്‍ പറഞ്ഞിട്ടില്ല. ക്രൂരമായ ഒരു കൊലപാതകത്തില്‍ മരിച്ച ഒരാള്‍. അയാള്‍ക്ക് തന്‍റെ അതേ പ്രായം. അയാളുടെ അമ്മയ്ക്കും എന്റെ അമ്മയുടെ അതേ പ്രായം ആയിരിക്കാം എന്നൊക്കെയുള്ള തോന്നലുകളില്‍ നിന്നുണ്ടായ ചില അഭിപ്രായ പ്രകടനങ്ങള്‍ ആണ് ലാല്‍ നടത്തിയത്. ഏതു സാധാരണക്കാരനും ചെയ്യുന്ന ഒരു കാര്യം. അതിനെ പണ്ടത്തെ ആദായ നികുതി റയിഡുമായും മറ്റും ബന്ധപ്പെടുത്തുന്നത് ശരിയല്ല. മനസാക്ഷിക്ക് നിരക്കാത്ത ഒരു കൊലയെ പറ്റി സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ ലാല്‍ കാണിച്ച ധൈര്യത്തെ എങ്കിലും അഭിനന്ദിക്കണം. എന്തും രാഷ്ട്രീയമായി കാണാന്‍ കഴിവുള്ള ഒരേ ഒരു ജനക്കൂട്ടം മാത്രമേ കേരളത്തിലുള്ളൂ. കമ്യൂണിസ്റ്റുകാര്‍. അവര്‍ക്ക് ആരെ വേണമെങ്കിലും കൊള്ളാം. കോടതിയെ വെല്ലു വിളിക്കാം. നിയമത്തെ കയ്യിലെടുക്കാം. അതൊന്നും ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നാണോ ?