2012, മേയ് 22

ലാലേട്ടാ നിങ്ങള്‍ അവസരവാദിയാണോ???

തലകെട്ട് കണ്ട് വാള്‍ എടുക്കാന്‍ വരട്ടെ. ഞാന്‍ എന്താ പറയാന്‍ ഉദേശിച്ചത് എന്ന് ഒന്ന് വായിച്ചു നോക്കിയിട്ട് എന്തും പറഞ്ഞോ. ടി.പി ചന്ദ്രശേഖരന്‍ എന്നാ കമ്മ്യൂണിസ്റ്റ്‌ നേതാവിനെ അതിദാരുണമായി കൊല ചെയ്തതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാടത്തും ഇങ്ങനെ നിറഞ്ഞു നില്‍ക്കുവനെല്ലോ ഈ അവസരത്തില്‍. ഇത് ആദ്യത്തെ രാഷ്ട്രിയ കൊലപാതകം ഒന്നുമല്ല, ഇതിനും മുന്നേ രാഷ്ട്രിയപരമായ ആശയങ്ങളുടെ പേരില്‍ പലരുടെയും ചോര നമ്മടെ കേരളകരയില്‍ വീണിട്ടുണ്ട്. എന്നാലും ടി.പി വധം കേരളിയ ജനതയെ ഒന്ന് ഞെട്ടിച്ചു എന്നത് സത്യം. ശരിക്കും പറഞ്ഞാല്‍ പലരും ഒന്ന് പേടിച്ചു. അത് ഇതില്‍ പ്രതികൂട്ടില്‍ നില്‍ക്കുന്ന സി.പി എംമുമായി ശത്രുത പുലര്‍ത്തി വന്ന ആള്‍ക്കാര്‍ മാത്രമല്ല, ഒരു രാഷ്ട്രിയവും ഇല്ലാത്ത മനുഷ്യന്റെ ഉള്‍മനസ്സില്‍ ഭയത്തിന്‍റെ വിത്ത് മുളപ്പിക്കാന്‍ കഴിഞ്ഞു എന്നത് ആരും തന്നെ പറയാതെ സമ്മതിച്ച ഒരു സത്യമാണ്. ഒരു പരിധി വരെ ഈ വിഷയത്തില്‍ ഇതുവരെ അഭിപ്രായപ്രകടനം നടത്തുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചത് മുകളില്‍ പറഞ്ഞ കാരണമാണ്. പക്ഷേ പ്രതികരിക്കുന്ന മന്നസ്സിനെ തളച്ചിടാന്‍ കഴിയില്ല. എന്തായാലും ഇതു രാഷ്ട്രിയ കൊലപാതകം എന്നതിന് ഉപരി ഇത് നടത്തിയത് സി.പി.എം ആണ് എന്ന് ഒരു മുന്‍വിധിയും എനിക്കില്ല. സത്യം എത്ര ഒളിപ്പിച്ചാലും ഒരിക്കല്‍ പുറത്തു വരും. അന്ന് ആകാം വിചാരണ ഒക്കെ. പക്ഷേ മനസ്സില്‍ തോന്നിയ ചിലത് പറയാതെ ഇരിക്കാനും വയ്യ.

ഈ കൊലപാതകം തീര്‍ത്തും ഭീങ്കരവും നീചവും പൈശാചികവും ആയി പോയി. എന്നാല്‍ അതിലും ഏറെ പൈശാചികം ആയി പോയി ഇത് വെച്ച്  ഉള്ള മുതലെടുപ്പ്. ഒരു തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു എന്ന് വെച്ച് ഇങ്ങനെ മുതലെടുക്കാന്‍ ശ്രമിച്ചത് അങ്ങ് സമ്മതിച്ചു കൊടുക്കാന്‍ അല്‍പ്പം മടിയുണ്ട്. സെല്‍വരാജിന്റെ മറുകണ്ടം ചാട്ടം സ്ഥാനമാനങ്ങള്‍ മോഹിച്ചു ഉള്ളതയിരിന്നു എന്നുള്ള ഇടതുപക്ഷ പ്രചാരം പ്രതിരോധിക്കാന്‍ കഷ്ട്ടപെട്ടു കൊണ്ടിരുന്ന കോണ്‍ഗ്രസിനു തിരിച്ചു വരാന്‍ ഉള്ള പിടിവള്ളി ആയി ടി.പി വധം. മറ്റു ചിലര്‍ക്ക് ഇത് ഒരു അവസാന അവസരമാണ്.പാര്‍ട്ടിയില്‍ തന്‍റെ മേല്‍ സര്‍വാധിപത്യം നേടിയ ശത്രുക്കളുടെ പതനതിനായി പൊരുതാന്‍ ഉള്ള മൂര്‍ച്ചയുള്ള ഒരു ആയുധമാക്കി ഈ പൈശാചിക പ്രവര്‍ത്തിയെ. അത് കൊല്ലപെട്ട ടി.പിയോട് ഉള്ള സ്നേഹമോ സഹതാപമോ അല്ല എന്ന്  മനസ്സിലാക്കാന്‍ ഭൂതകാലം കൂടുതല്‍ ഒന്നും ചികയേണ്ട. വാര്‍ത്തകള്‍ ഇല്ലാതെ വാര്‍ത്തകള്‍ ഉണ്ടാക്കി കഷ്ട്ടപെടുന്ന മാധ്യമങ്ങള്‍ക്ക് ഇത് ചാകര ആയിരിന്നു. മിനിറ്റ് മിനിറ്റ് വെച്ച് അവരുടെ അന്വേഷണങ്ങള്‍ പോലീസ് പട്ടിയെക്കള്‍ മുന്നില്‍ ഓടി. രാഷ്ട്രിയ അജണ്ടയില്‍ ഉള്ള മുതലെടുപ്പ് ഇങ്ങനെ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ആണ് തീര്‍ത്തും അപ്രതിക്ഷിതമായി ഈ വിഷയത്തില്‍ ഉള്ള മോഹന്‍ലാലിന്‍റെ പ്രതികരണം.

സാംസ്‌കാരിക നായകന്മാരുടെ ഈ വിഷയത്തില്‍ ഉള്ള അനിശ്ചിതകാല മൌനവ്രതത്തിന്‍റെ ഇടയില്‍ ഒരു പക്ഷതോടെ ചായവും തോന്നാതെ, തീര്‍ത്തും രാഷ്ട്രിയ ചുവയില്ലാതെ തന്നെ ഉള്ള ആ പ്രതികരണം ഒരു പച്ചയായ മലയാളിയുടെ മനസ്സില്‍ നിന്ന് വരുന്നതായി തോന്നി. അത് ഒരു അവസരവാദപരമായ ഒരു അഭിപ്രായ പ്രകടനമായി തോന്നിയില്ല. നാളെ മറ്റു ചിലക്കു തോന്നിയേക്കാം. മൂന്ന് പേജ് വരുന്ന സ്വന്തം കൈപടയില്‍ എഴുതിയ ലേഖനം സ്വന്തം ബ്ലോഗ്‌ ആയ "ദി കമ്പ്ലീറ്റ്‌ ആക്ടര്‍ " കാണുകയുണ്ടായി.( ഞാന്‍ ആദ്യമായി ആണ് ഈ ബ്ലോഗിനെ കുറിച്ച് കേള്‍ക്കുന്നേ, എന്റെ വിവരമിലായ്മ). അതില്‍ സ്വന്തം മകനെ വെട്ടിനുറുക്കി കൊന്നതിന്റെ വേദന അനുഭവിക്കുന്ന ടി.പിയുടെ അമ്മയെ കുറിച്ചും ആ വേദന താന്‍ മനസിലാക്കുന്നു എന്ന്  വളരെ വ്യക്തമായി പറയുന്നു. "കൊല്ലുകയും കൊല്ലിക്കുകയും ചെയുന്നവര്‍ പൊറുക്കുന്ന നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു, പേടി തോന്നുന്നു, മടുപ്പ് തോന്നുന്നു.... കേരളം ഒരു ഭ്രാന്താലയമായി മാറുകയാണോ??" എന്ന്  ചോദ്യത്തോടെ അവസാനിക്കുന്ന ഈ ലേഖനം വായിക്കുന്ന ഓരോരുത്തരുടെയും മനസ്സില്‍ ഈ ചോദ്യം അലയടിക്കും എന്നത് സത്യം. ഉത്തരഇന്ത്യയിലെ പോലെ രാഷ്ട്രിയലക്ഷ്യത്തിനായി എന്ത് ചെയ്യും എന്നാ ഭ്രാന്ത് പിടിച്ച അവസ്ഥയിലേക്ക് കേരളത്തിലെ രാഷ്ട്രിയ നേതാക്കള്‍ നീങ്ങുകയാണെങ്കില്‍ അവരെ ചങ്ങലയ്ക്ക് ഇടാന്‍ ജനം മുന്നോട്ടു വരേണ്ടി വരും.


ഇനി എന്‍റെ മനസ്സില്‍ തോന്നിയ ചില്ലറ സംശയങ്ങള്‍ വെറുതെ ഒന്ന് ചോദിച്ചോട്ടെ. ടി.പി വധം കൊണ്ട് യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് ലാഭം?? അഥവാ ഇതില്‍ സി.പി.എമിന് പങ്കു ഉണ്ടെങ്കില്‍ ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞു അടുത്ത അടുത്തിരിക്കെ ടി.പിയെ വധിക്കാന്‍ നിരന്തരം ശ്രമങ്ങള്‍ നടത്തി വിജയിക്കാന്‍ മാത്രം ഒരു ഭീഷണി ആയി തുടങ്ങിയിരിന്നോ ജനഹൃദയങ്ങളില്‍ ആഴുന്നു ഇറങ്ങിയ ഒരു പ്രസ്ഥാനത്തിന്?? മത തീവ്രവാദികളുടെ  കൈയാണ് ഇതിനു പിന്നില്‍ എന്ന് കരുതി നാട്ടില്‍ ഒരു ലഹള ഉണ്ടാക്കി കുറെ അധികം ജീവന്‍ കൂടി ബലി കഴിപ്പിക്കം എന്ന് ചിന്തിക്കാന്‍ മാത്രം നീചമായ തലച്ചോറിന്റെ ഉടമ ആരാണ്?? താനും തന്‍റെ പാര്‍ട്ടിയും പ്രതിസ്ഥാനത് ആണെന്ന് വളരെ വ്യക്തമായിട്ടു അറിഞ്ഞിട്ടും മരിച്ച ഒരു വ്യക്തിയെ കുലംകുത്തികള്‍ എന്ന് വിളിക്കാന്‍ മാത്രം എന്ത് വികാരമാണ് പിണറായിക്ക് ഉണ്ടായതു?? ജനങ്ങളുടെ വിയര്‍പ്പും ചോരയും കൊണ്ട് കെട്ടി പൊക്കിയ ഈ പ്രസ്ഥാനം എന്നന്നേക്കുമായി നശിപ്പിക്കാന്‍ ശ്രമിക്കാന്‍, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെ ഉള്ള പ്രവര്‍ത്തി ചെയ്യാന്‍ വിഡ്ഢികള്‍ ആണോ സംസ്ഥാന നേതൃത്വം അതോ അവര്‍ വിഡ്ഢികളായി അഭിനയിക്കുന്നതോ?? മറ്റൊരു രാഷ്ട്രിയ കൊലപാതകത്തെ പോലെ പൊടി പിടിച്ചു പോകാതെ മുന്നോട്ടു പോകുന്ന അന്വേഷണം എന്തെ മുന്‍പ്‌ ഒരിക്കലും കാണാഞ്ഞത്?? ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ ചോദിച്ചു എന്ന് പറഞ്ഞു എന്നെ പഞ്ഞിക്ക് ഇടാന്‍ ആരും കൊട്ടേഷന്‍ ടീമിനെ ഏര്‍പ്പെടുത്തി കളയരുതേ എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ഇവിടെ നിറുത്തുന്നു.

2012, മേയ് 14

വേനല്‍കാല ഓര്‍മ്മകള്‍....

വളരെ നാളുകള്‍ക്കു ശേഷം ഇങ്ങോട്ട് വരുമ്പോ ഒരു ലക്ഷം മാത്രമേ മനസ്സില്‍ ഒള്ളു, ഒരു പോസ്റ്റ്‌ എഴുതി കഴിയുന്ന അത്രയും ബോര്‍ അടിപ്പിച്ചു നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുക. അതുകൊണ്ട് സമയമില്ലത്തവര്‍ സമയം കിട്ടുമ്പോ വന്നു വായിച്ചാല്‍ മതി. ബോര്‍ പോസ്റ്റ്‌ വായിച്ചു എന്‍റെ സമയം കളഞ്ഞേ എന്നാ പരാതി ഒഴിവാക്കാനാ ഒരു മുന്‍കരുതല്‍ മാത്രം.

കഴിഞ്ഞ മാസം ഈസ്റ്റര്‍ - വിഷു പ്രമാണിച്ചു കിട്ടിയ അവധിക്ക് നാട്ടിലേക്ക് വണ്ടി കേറിയത്. ഈ മൈസൂര്‍ കാലാവസ്ഥയില്‍ ജീവിച്ചു ശീലമായി പോയതാണോ എന്ന് അറിയില്ല, നാട്ടില്‍ ഫാന്‍ ഇട്ടിലെങ്കില്‍ നില്‍ക്കാന്‍ മേലാത്ത അവസ്ഥയാണ്. ഹോ എന്നാ ചൂട്, വിയര്‍ത്തു കുളിച്ചു പോയി. പണ്ട് ഇതേ പോലത്തെ പൊരിവെയിലത്ത് അങ്ങോട്ടും ഇങ്ങോട്ടും തേരാപാര നടന്ന ഒരു കാലം ഉണ്ടായിരിന്നു. അന്നൊക്കെ ഈ ചൂട് ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. കാരണം സ്കൂള്‍ അടച്ചു പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു ആരുടേയും ശല്യം ഇല്ലാതെ കിട്ടുന്ന വേനലവധിക്കാലത്ത് എന്ത് വെയില്‍ എന്ത് ചൂട്. പിന്നെ പണ്ടാതെതിലും ചൂട് ഉണ്ട് എന്നത് സത്യം. പണ്ടൊക്കെ ഇഷ്ട്ടം പോലെ മരങ്ങളും അതിന്‍റെ തണലും ഒകെ ഉണ്ടായിരിന്നു, ഇന്ന് അവക്ക് പകരം തണല്‍ നല്‍കുന്നത് കോണ്‍ക്രീറ്റ് ഫ്ലാറ്റുകള്‍ ആണെന്നെ ഒള്ളു. അവരൊക്കെ നല്ല ചൂടന്മാര്‍ ആയതുകൊണ്ട് തണലിനും ചൂട് തന്നെ.

നാട്ടില്‍ അപ്പൊ പഴങ്ങളുടെ സീസണ്‍ ആണ്. വീടിലോട്ടു ചെന്നപ്പോ മള്‍ബറിയും ചാമ്പയും പേരയും മാവും ഒകെ കായിച്ചു നില്‍ക്കുന്നു. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ചാമ്പങ്ങക്കും മള്‍ബറിക്കും നല്ല മധുരമാണ്. പേരക്ക ആണേല്‍ രണ്ടു തരം, വെള്ളയും ചുവന്നതും. മുവാണ്ടന്‍ മാങ്ങാ ഇങ്ങനെ കുല കുലയായി കിടക്കുന്നു. പണ്ടൊക്കെ ഇത് കായിച്ചു ഏറി പോയാ രണ്ടു ദിവസം ഇങ്ങനെ കാണാം അതിനുള്ളില്‍ പിള്ളാര്‌ സെറ്റ്‌ മൊത്തം മരം കാലിയക്കിയിട്ടുണ്ടാകും. ഇന്ന് അതൊക്കെ വെറുതെ താഴെ വീണു പോകുന്നു. ഇന്നത്തെ പിള്ളാര്‍ക്ക് ഇതൊന്നും വേണ്ടന്നാ തോന്നുന്നേ, അതോ ഇതിന്‍റെ രുചിയും ഒന്നും അറിയില്ലേ?? വീടിനു അടുത്തുള്ള ഓരോ ചാമ്പയോടെ ചേര്‍ന്ന് ഓരോ ഓരോ ഓര്‍മ്മകള്‍ കെട്ടി കിടക്കുന്നു. എത്ര നീരും കടിയും കൊണ്ട് കഷ്ട്ടപെട്ടു പഴുത്തത് മുതല്‍ പൊട്ടും മൊട്ടും ഒകെ പറിച്ചു തിന്നിരുന്നത്. ചാമ്പയില്‍ പഴയ പോലെ ഇപ്പൊ നീര്‍ ഇല്ല. പക്ഷേ മാവില്‍ ഒരു കുറവും ഇല്ല. കല്ലും കമ്പും ഉപയോഗിച്ച് മാങ്ങാ എറിഞ്ഞു വീഴുതിയപ്പോ കൊണ്ട് ഒന്ന് രണ്ടു നീറും കൂടിനു ഏറു. എല്ലാം കൂടി ഇളകി വന്നില്ലേ. താഴെ നിന്ന എനിക്ക് നല്ല കടി കിട്ടി. അങ്ങനെ പറിച്ച മാങ്ങാ അച്ചാര്‍ ഇട്ടു തിരിച്ചു പോന്നപ്പോ കൊണ്ടുന്നു.അത് തീര്‍ന്നത് അറിഞ്ഞില്ല.

വേനലവധി പ്രമാണിച്ചു ഒട്ടു മിക്ക കൂട്ടുകാരും നാട്ടില്‍ എത്തിയിരിന്നു. പണ്ട് വൈകുനേരം ഏതെങ്കിലും പാടതോ മൈതനതോ ഞങ്ങള്‍ ഒത്തുകൂടിയിരിന്നത്. അവിടെ ആകും പിന്നെ ക്രിക്കറ്റ്‌, ഫുട്ബോള്‍, കൈപന്തു തുടങ്ങിയ കളികള്‍. പണ്ട് കളിച്ചിരുന്ന പല പാടങ്ങളും ഇന്നും നികത്തി വില്ലകള്‍ പൊങ്ങിയിരിക്കുന്നു. ഇതുവരെ നികത്ത ഒരു പാടത്തു ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അവിടെ കുറെ പിള്ളാര്‌  ക്രിക്കറ്റ്‌ കളിക്കുനുണ്ട്. വന്നിരിക്കുന്ന എല്ലാവനും ഓരോ ഓരോ ടു വീലരില്‍ ആണ് എത്തിയിരിക്കുന്നത്. അന്നൊക്കെ നടന്നക്കും ഇവിടെക്ക് എത്തിയിരുന്നത്. പിന്നിട് സൈക്കിള്‍ ആയി. അന്ന് ആര്‍ക്കോ ഒരാള്‍ക്ക് ഉണ്ടായിരുന്ന ചേതക് ആണ് ആകെ ഉള്ള വാഹനം. അതില്‍ ഓടിക്കാന്‍ പഠിച്ച എത്രയോ പേരുണ്ട്. ഇന്ന് പിന്നെ നിലത്ത് കാലു കുത്താനായാല്‍ അവനു ഒരു ഡിയോയോ അല്ലേല്‍ ആക്ടിവയോ കാണും. അത് വെച്ച് നൂറില്‍ അങ്ങ് പറപ്പിക്കും. ഓര്‍മ്മകള്‍ ഓരോന്നായി പൊടി തട്ടി എടുത്തപ്പോഴേക്കും പോകാന്‍ സമയമായി.

അവധി കഴിഞ്ഞു തിരിച്ചു എത്തിയതും വീണ്ടും തിരക്കേറിയ ജീവിതത്തിന്‍റെ ഒഴുക്കിനു ഒപ്പം ഒഴുകി തുടങ്ങി. ഈ പോസ്റ്റ്‌ എഴുതുമ്പോ മനസ്സില്‍ ഒരു ചോദ്യം, ആ പഴയ വേനല്‍കാലം ഇനി കിട്ടുമോ, അഥവാ കിട്ടിയാല്‍ അന്നത്തെ പോലെ ആസ്വദിക്കാന്‍ അവയെല്ലാം അവിടെ ഉണ്ടാകുമോ??